ഭീതി

എഴുപതുകളെയും എൺപതുകളെയും കുറിച്ച് എനിക്ക് ഉപ്പയിൽ നിന്നും കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതും ഒക്കെയായിട്ടുള്ള അറിവേയുള്ളൂ.എങ്കിലും അക്കാലത്ത് ജീവിച്ചിരുന്നെങ്കിൽ എങ്ങനെയാവുമായിരുന്നു എന്ന് ഇടക്ക് ഞാൻ ചിന്തിക്കാറുണ്ട്. കാല്പനികതയുടെയും പ്രണയത്തിൻ്റെയും കാലമാണ് എൻ്റെ മനസ്സിൽ ആ കാലം. കാലിക്കറ്റ് സർവകലാശാലയും മലപ്പുറം ജില്ലയും രൂപം കൊണ്ട ആ കാലം കലയുടെയും സാഹിത്യത്തിൻ്റെയും (വർഗീയതയുടെയും) കാലമായിരുന്നു. സഖാവ് വർഗീസിൻ്റെ കൊലപാതകവും, ചേകന്നൂർ മൗലവിയും എൻ പി മുഹമ്മദും ഇസ്‌ലാമിനെ തിരുത്താൻ തുനിഞ്ഞിറങ്ങിയതും, എല്ലാം എഴുപതുകളിലായിരുന്നു;  അക്ഷരാർത്ഥത്തിൽ വിപ്ലവത്തിൻ്റെയും കാലമായിരുന്നു അത്.

ഒരു സമൂഹം എന്ന നിലയിൽ നാം ഒരുപാട് മുന്നോട്ടുവന്നു. ജീവിതശൈലി മെച്ചപ്പെട്ടു, സൗകര്യങ്ങൾ ഉയർന്നു. പക്ഷേ  അന്നത്തെ കാലത്തുള്ള രാഷ്ട്രീയബോധവും പൗരബോധവും ഇന്ന് പ്രബുദ്ധ മലയാളിക്ക് നഷ്ടപ്പെട്ടു. അന്ന് ആളുകൾക്കുണ്ടായിരുന്നത് ആദർശങ്ങളും മൂല്യങ്ങളും അടിസ്ഥാനമാക്കിയ രാഷ്ട്രീയബോധമാണെങ്കിൽ ഇന്നത് കേവലം രാഷ്ട്രീയവിധേയത്വം മാത്രമായി മാറിയതുപോലെ തോന്നുന്നു. 

ഈ മൂല്യച്യുതിക്ക് പിന്നിലെ കാരണം ചികഞ്ഞുപോയാൽ അന്തമില്ലാത്ത പോക്കായിരിക്കും എന്ന് മനസ്സിലാക്കുന്നതിനാൽ അധികം ചിന്തിക്കുന്നില്ല. എങ്കിലും ജയപ്രകാശ് നാരായണനിൽ നിന്നും റാം മനോഹർ ലോഹ്യയിൽ നിന്നും യു ആർ അനന്തമൂർത്തിയിൽ നിന്നും നമ്മുടെ നേതാക്കന്മാർ നരേന്ദ്ര മോദിയിലും പിണറായി വിജയനിലുമൊക്കെ വന്നു നിൽക്കുമ്പോൾ മൂല്യച്യുതി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് ചിന്തിക്കാതെ വയ്യ.

എന്നാൽ, രണ്ടു കാലഘട്ടങ്ങൾ തമ്മിൽ സമാനതകളും പലതുണ്ടെന്ന് നിരീക്ഷിച്ചാൽ മനസ്സിലാക്കാം. അന്നും ഇന്നും ഏറ്റവും വലിയ രാഷ്ട്രീയ ആയുധം ഭീതിയാണ്. ആളുകളെ നിശ്ശബ്ദനാക്കാനും മറുവചനങ്ങളില്ലാതെ ഭരണം നടത്താനും ഭയത്തേക്കാൾ വലിയ ആയുധമില്ല. എഴുപതുകളിൽ ഇന്ദിര ഗാന്ധിയും ഇന്ന് മോഡി-അമിത്ഷായും അതിനെ വേണ്ട രീതിയിൽ തന്നെ ഉപയോഗിക്കുകയും ചെയ്തു. ഒരൊറ്റ മാറ്റമേയുള്ളൂ, ഇന്ദിരയുടേത് പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നു എന്നുമാത്രം.

കർണാടകയിൽ ജോലി ചെയ്യുന്ന എനിക്കിന്ന് അവിടെ ഒരു ഭക്ഷണശാലയിൽ കയറി ഒരു ബീഫ് ഫ്രൈ ഓർഡർ ചെയ്യാൻ പേടിയാണ്. ബീഫ് ഫ്രൈ അവിടെ കിട്ടില്ല എന്നല്ല, ഞാൻ സ്ഥിരമായി ബീഫ് കഴിക്കാറുമുണ്ട്. പക്ഷേ ഞാൻ കഴിക്കുന്നതിലും കടക്കാർ വിൽക്കുന്നതിലും ഒരു ഭീതിയുടെ നിഴൽ എപ്പോഴും ഉദിച്ചു നിൽക്കാറുണ്ട്. തെറ്റായ സ്ഥലത്തുചെന്ന് ബീഫ് ചോദിക്കുകയോ, 'ഇറച്ചി' എന്ന മലയാളനാമത്തിൽ വിൽക്കുന്നത് ബീഫാണെന്ന് ചിലർ മനസ്സിലാക്കുകയോ ചെയ്‌താൽ,നമ്മുടെ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം എന്നർത്ഥമുള്ള ഒരു നിഴൽ. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കർണാടകയിൽ ആ നിഴലിന് നീളം കൂടിയതിൽ ഒരത്ഭുതവുമില്ല.

ഒരു മതത്തിലും പ്രവാചകരിലും (pedos and non-pedos included) വിശ്വസിക്കാത്ത എനിക്ക് അത് സ്വന്തം വീട്ടിൽ പോലും തുറന്നുപറയാൻ ധൈര്യമില്ല. എന്തിനും ഏതിനും സ്വാതന്ത്ര്യമുള്ള എൻ്റെ കുടുംബത്തിൽ എൻ്റെ ആദർശമൂല്യങ്ങൾ  തുറന്നുപറയാനുള്ള സ്വാതന്ത്ര്യം എന്തുകൊണ്ടോ ഇല്ല. കുടുംബത്തിൻ്റെ കാര്യത്തിൽ ഒരുപക്ഷേ എൻ്റെ ഭീരുത്വമാവാം. എന്നാൽ സമൂഹത്തിൽ ഒരു എക്സ് മുസ്ലിമായി നടക്കാനുള്ള എൻ്റെ വിമുഖത മറ്റൊന്നും കൊണ്ടല്ല; ചേകന്നൂർ മൗലവിയും പ്രൊഫസർ ടിജെ ജോസഫും മുമ്പിൽ ഉദാഹരണങ്ങളായി ഉള്ളതുകൊണ്ടുള്ള ഭീതിയുടെ നിഴൽ തന്നെയാണ്.

മതത്തെ തള്ളിപ്പറയാൻ എനിക്ക് സാധിച്ചേക്കാം, പക്ഷേ അത് അംഗീകരിക്കാൻ എൻ്റെ കുടുംബത്തിനോ സമൂഹത്തിനോ സാധിക്കാത്തതിന് പുറകിലും മറ്റൊരു ഭീതി തന്നെയാണ്. ആളിക്കത്തുന്ന തീയിൽ ചുട്ടെരിച്ചെടുക്കുന്ന നരകം എന്ന ഭീതി. ഇല്ലാത്തൊരു നരകത്തെ ചൊല്ലി ആളുകളെ പേടിപ്പിച്ചും പീഡിപ്പിച്ചും മതങ്ങൾ നേട്ടമുണ്ടാക്കുന്നു, വിഡ്ഢികളായ പൊതുജനം എതിർപ്പുകളില്ലാതെ പേടിച്ചു കൊടുക്കുന്നു. നരകത്തെ ചൊല്ലിയുള്ള ഭീതിയുടെ രാഷ്ട്രീയവും മേൽപറഞ്ഞ നാണയത്തിൻ്റെ മറ്റൊരു വശമാണ്.      

അന്ന് ഇന്ദിരാഗാന്ധി പ്രക്ഷോഭകരെയും അല്ലാത്തവരെയും ജയിലിലടച്ചെങ്കിൽ ഇന്നിതാ കർഷകരെയും പൗരന്മാരെയും മോഡി ജയിലിലും ക്യാമ്പിലും അടക്കുന്നു. കരിങ്കൊടി കാണിച്ചവരെ പോലീസ് മർദ്ദനത്തിനിരയാക്കിയ പിണറായിയും ഒട്ടും മോശമല്ല. ഭരണാധികാരിക്കെതിരെ ശബ്ദിക്കുന്നവർക്കെല്ലാം പുറകിൽ ഭീതിയുടെ നിഴൽ പടർന്നുപന്തലിച്ചു നിൽക്കുന്നതുകാണാം.  

മതക്കാരെ പേടി, പോലീസിനെ പേടി, പാർട്ടിയെ പേടി, രാഷ്ട്രീയക്കാരെ പേടി...അതെ, അനുസരണ മാത്രമുള്ള "പ്രജ"കളെ ഉണ്ടാക്കാൻ ഏറ്റവും നല്ല ആയുധം ഭീതി തന്നെയാണ്. കാലമത് വീണ്ടും തെളിയിക്കുന്നു. ഹിറ്റ്ലറുടെ ഹോളോകോസ്റ്റ്  കോൺസൻട്രേഷൻ ക്യാമ്പുകളും അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരയുടെ ജയിലുകളും ഇന്ന് മോദിയുടെ പൗരന്മാർക്കുള്ള ക്യാമ്പുകളും തമ്മിലുള്ള അന്തരം മുടിയിഴയേക്കാൾ നേരിയതാണ്.

ഒരാളുടെ മനസ്സിലെ ഭയം മാറാൻ അല്പം ധൈര്യവും അയാളുടെ പരിശ്രമവും ഉണ്ടായാൽ മതി. എന്നാൽ സമൂഹത്തിൽ നിഴലിച്ചുനിൽക്കുന്ന ഭീതി മാറണമെങ്കിൽ പരിശ്രമത്തെക്കാളുപരി പരിവർത്തനം തന്നെ വേണ്ടതായിവരുന്നു. അടിയന്താരവസ്ഥയിൽ നിന്നും ഭാരതം കരകയറിയത് ആ തിരിച്ചറിവ് വൈകാതെ വന്നതുകൊണ്ടാണ്. ഇന്നത്തെ അപ്രഖ്യാപിത അടിയന്താരവസ്ഥയിൽ നിന്ന് പുറത്തുവരാൻ വെമ്പുന്നത് ന്യൂനപക്ഷങ്ങൾ മാത്രമാണെന്നും ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചുനിർത്തിയാൽ ഇനിയൊരു പരിവർത്തനം തടയണമെന്നും അറിയാവുന്ന ഭരണകൂടം തങ്ങളുടെ ഭീകരതയുടെ മുഖം ഇടക്കിടക്ക് തുറന്നുകാട്ടി ഈ ഭീതി ഊട്ടിയുറപ്പിക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ടൊരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നു. 

എന്നെങ്കിലും ഞാനടങ്ങുന്ന സമൂഹം ഭീരുക്കളല്ലാതായി മാറട്ടെയെന്ന് മാത്രം ആഗ്രഹിക്കുന്നു. സ്വന്തം ധൈര്യവും പ്രതികരണശേഷിയും ആർക്കും പണയം വെക്കാതെ ആർക്കും വിധേയരാവാത്ത ഒരുപറ്റം പൗരന്മാർ വളർന്നുവരട്ടെയെന്നും.എഴുപതുകളിൽ നമുക്കുണ്ടായിരുന്ന, ഇന്ന് കൈമോശം വന്ന, രാഷ്ട്രീയബോധം തിരിച്ചുവരട്ടെയെന്നും ആശംസിക്കുന്നു.

Comments