യാത്ര

വർഷങ്ങൾക്ക് മുമ്പൊരു പാതിരാവിലാണ് അവൻ തൻ്റെ യാത്ര തുടങ്ങുന്നത്. തനിക്ക് ലക്ഷ്യം പലതുണ്ടെന്നും അവ നേടുവാൻ ദൂരം അനവധി താണ്ടണമെന്നും ബോധ്യം വന്നപ്പോൾ അവൻ യാത്ര തുടങ്ങി.

ബോധമുറച്ചു തുടങ്ങിയ പ്രായവും ആദ്യമായി തൻ്റെ കൂട്ടിൽ നിന്നും പുറത്തുവന്നതിൻ്റെ ആവേശവും അവനെ ത്രസിപ്പിച്ചു. ആ യാത്ര അവൻ നന്നായി ആസ്വദിച്ചു.

ആദ്യമാദ്യം വഴിയിൽ അഭിമുഖീകരിച്ച കടമ്പകളേയും പ്രതിസന്ധികളെയും അവൻ നിഷ്പ്രയാസം താണ്ടിയെങ്കിലും മുന്നോട്ട് ചെല്ലുന്തോറും യാത്ര കഠിനമായി വരുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 

സത്രങ്ങളിലും താവളങ്ങളിലുമായി പലരേയും അവൻ കണ്ടുമുട്ടി, തൻ്റെ അതേ ലക്ഷ്യവുമായി യാത്ര തുടങ്ങിയവർ. ചിലരെ അവൻ കൂടെക്കൂട്ടി. ചിലർ അവനെക്കാൾ വേഗതയിൽ പോവുന്നത് അവൻ്റെ ശ്രദ്ധയിൽ പെടുന്നുണ്ടായിരുന്നു, ചിലർ യാത്ര മതിയാക്കി തിരികെ വരുന്നതും. 

എന്നാൽ അവൻ അവരെപ്പോലെ വേഗം കൂട്ടാനോ തിരിച്ചു പോരാനോ നിന്നില്ല. കൂടെക്കൂടിയവരുമായി തൻ്റെതായ വേഗത്തിൽ തന്നെ യാത്ര തുടരാൻ അവൻ തീരുമാനിച്ചു.

മടിയിൽ കനമില്ലായിരുന്നു, പക്ഷേ വഴിയിൽ ക്ഷീണിച്ചുപോയി അവൻ. ക്ഷീണം മാറ്റാൻ അവനെടുത്ത വിശ്രമവേളകൾ അവനാപത്തായി ഭവിച്ചു. വിശ്രമം കൂടിയപ്പോൾ അവൻ ലക്ഷ്യം മറന്നു, മടിപിടിച്ചു. താൽക്കാലിക ആശ്വാസമായെത്തിയ മദ്യവും പുകയും അവനെ വിശ്രമാവസ്ഥയിൽ തളച്ചിട്ടു.

കൂടെക്കൂടിയവരും തന്നെ പുറകിലാക്കി മുന്നോട്ടു പോവുന്നത് കണ്ട അവൻ വീണ്ടും എണീറ്റ് കുതിക്കാൻ ശ്രമിച്ചു. പക്ഷേ,  കുതിക്കാൻ തനിക്ക് പറ്റുന്നില്ലാ എന്നവന് തോന്നി. കുതിക്കാനുള്ള ഊർജം എന്തുകൊണ്ടോ അവനു നഷ്ടപ്പെട്ടിരുന്നു.

അവൻ പലതവണ ശ്രമിച്ചു. പറ്റുന്നില്ല, ചലനശേഷി നഷ്ടപ്പെട്ടിരിക്കുന്നു.

അവൻ തളർന്നു. യാത്രയുപേക്ഷിച്ച് പിന്മാറിയാലോ  എന്ന ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു.

അവൻ വിശ്രമം കുറച്ചു, പുകവലി ഉപേക്ഷിച്ചു. ആരോഗ്യം ശ്രദ്ധിച്ചു. പതിയെ പതിയെ അവൻ തിരിച്ചുവരവിനൊരുങ്ങി. 

അങ്ങനെയിരിക്കെ വഴിയിൽ വെച്ച് അവനൊരു കൂട്ടുകാരിയെ കിട്ടി. തൻ്റെ അതേ പാതയിൽ സഞ്ചരിക്കുന്ന, അതേ പ്രശ്നങ്ങൾ അലട്ടുന്ന ഒരു സുന്ദരി.

ഇടക്കെവിടെയോ വെച്ച് അവൾ അവൻ്റെ പാതയിൽ എത്തിച്ചേർന്നിരുന്നു. 

അവനേക്കാൾ വൈകി യാത്ര തുടങ്ങിയ അവൾ വഴിയിൽ കുടുങ്ങിയ അവനെ കണ്ടുമുട്ടുകയായിരുന്നു. അവനുശേഷം സഞ്ചരിച്ചിരുന്ന അവൾ വഴിയിൽ തങ്ങിക്കിടന്നിരുന്ന അവൻ്റെ ഒപ്പമെത്തുകയായിരുന്നു. 

ആദ്യമൊന്നും അവനവളെ ഗൗനിച്ചില്ലെങ്കിലും പിന്നീടെപ്പോഴോ അവൻ അവളോടടുക്കാൻ തുടങ്ങി. അവർ കൂട്ടുകൂടി, തമാശ പറഞ്ഞും ചിരിച്ചും കളിച്ചും അവിടെ തങ്ങി. ഇനി അങ്ങോട്ടുള്ള യാത്ര ഒരുമിച്ചാക്കാം എന്നവർ തീരുമാനമെടുത്തു.

അവൻ്റെ ജീവിതം വീണ്ടും ആസ്വാദ്യകരമായതു പോലെ അവനു തോന്നി. ഓരോ ചെറിയ കാര്യങ്ങളും അവൻ അവളുമായി പങ്കുവെച്ചു. ഒരുമിച്ച് ചെലവഴിക്കുന്ന സമയം അവനു വിലമതിക്കാനാവാത്തതായി. ഏതുനേരവും അവളുടെ കൂടെ ചെലവഴിക്കാൻ അവനാഗ്രഹിച്ചു. അവളും.

അങ്ങനെ അവളുമവനും  അവരായിമാറി. 

വർഷങ്ങൾ കടന്നുപോയി. അവരുടെ മുമ്പും പിമ്പും യാത്ര തുടങ്ങിയ പലരും ലക്ഷ്യസ്ഥാനത്തെത്തി.  തങ്ങൾക്കുമുന്നിൽ ഇനി അവസാന കടമ്പ മാത്രമേ ഉള്ളൂ എന്നുള്ള ബോധ്യം അവരെ വീണ്ടും അലസരാക്കി.

അവർ വർത്തമാനത്തിൽ മാത്രം ജീവിച്ചു. മുന്നോട്ടുള്ള വഴി താണ്ടാതെ, കിട്ടിയ വഴിയമ്പലത്തിൽ അവർ ആർത്തുല്ലസിച്ചു. ആ വഴിയമ്പലം അവരൊരു വീടാക്കി മാറ്റി ഒരുപാട് നല്ല ഓർമ്മകളും കളിചിരികളും സ്വപ്നങ്ങളും അവർ നെയ്തുകൂട്ടി. ഇനിയുള്ള യാത്ര ഒരുമിച്ചാണെന്നും തങ്ങളല്ലാതെ വേറൊരു ജീവിതമില്ലെന്നും അവർ വിശ്വസിച്ചു.

പിന്നീടെപ്പോഴോ അവർക്ക് മനസ്സിലായി, അവരുടെ യാത്രക്ക് അവർ ഭംഗം വരുത്തിയെന്ന്, സ്വപ്നങ്ങൾക്കവർ കടിഞ്ഞാണിട്ടെന്ന്, തങ്ങൾ തുടങ്ങിയേടത്തു തന്നെയാണവരിപ്പോഴും നിൽക്കുന്നതെന്ന്, പുരോഗതിയില്ലാത്ത ആ യാത്ര ലക്ഷ്യത്തിലെത്തേണ്ട സമയം അതിക്രമിച്ചെന്ന്.  

ആ തിരിച്ചറിവ് അവരെ ഭയപ്പെടുത്തി. 

തങ്ങൾ തുടങ്ങിയ യാത്ര അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബോധ്യമുള്ള അവർ പരസ്പരം പഴിചാരി. ഒരാളുടെ  വഴിമുടക്കുന്നത് മറ്റേയാളാണെന്ന് അവർ വിശ്വസിച്ചുതുടങ്ങി. സ്വർഗ്ഗമായിരുന്ന ആ വഴിയമ്പലം വെറും മരീചികയായി തോന്നി അവർക്ക്. 

ഒരുനാൾ ആ സുന്ദരി ഒരു തീരുമാനമെടുത്തു, ഇനിയിവിടെ കുടുങ്ങിക്കിടക്കാൻ തനിക്കാവില്ലെന്ന്. ലക്ഷ്യസ്ഥാനത്തിനു തടസ്സമായേക്കാവുന്ന ഒന്നും ഇനി തനിക്ക് വേണ്ടെന്ന്.    

അങ്ങനെ അവർ വീണ്ടും അവനും അവളുമായി മാറി.

ഇടിത്തീ വീണപോലെയായിരുന്നു അതവന്. എങ്കിലും അവളുടെ തീരുമാനത്തെ ബഹുമാനിച്ച്, ഒറ്റക്ക് തുടങ്ങിയ യാത്ര ഒറ്റക്ക് തന്നെ തീർക്കാൻ അവൻ തീരുമാനിച്ചു. 

പിന്നിട്ട വഴിയിൽ തിരിഞ്ഞു നോക്കിയപ്പോൾ ഒരു നിഴൽ പോലെ അവൻ അവളെ കാണുന്നുണ്ടായിരുന്നു. കുറച്ചു മുന്നോട്ടുപോവാൻ അവൻ ശ്രമിച്ചെങ്കിലും, തന്നെക്കൊണ്ടാവില്ലാ എന്നവന് വീണ്ടും തോന്നിത്തുടങ്ങി. ആ നിഴലിലേക്കാണ് താൻ യാത്ര ചെയ്യേണ്ടതെന്നവന് തോന്നി. ഇനി ഈ യാത്ര അവളില്ലാതെ പൂർത്തിയാവില്ലാ എന്നവനറിയാമായിരുന്നു. കാരണം അവൻ്റെ ലക്ഷ്യം അവളായി മാറിയിരുന്നു, അവൻ പോലുമറിയാതെ.

പുറകിൽ കണ്ട നിഴലിലേക്ക് അവൻ വീണ്ടും നടന്നു. അവിടെ അവളിരിപ്പുണ്ടായിരുന്നു, പഴയ വഴിയമ്പലത്തിൽ. അവിടെ വീണ്ടുമെത്തിയ അവൻ ഉള്ളറിഞ്ഞ് സന്തോഷിച്ചു. അവളുടെ സാമീപ്യം അവനെ വീണ്ടും ആഹ്ലാദവാനാക്കി.

പക്ഷേ അവൾ പഴയ ആ സുന്ദരിയല്ലായിരുന്നു. ജീവിതത്തിൽ വന്ന പല നഷ്ടങ്ങളും നഷ്ടബോധങ്ങളും ശിഥിലമാക്കിയ അവളുടെ മനസ്സ് ചാപല്യങ്ങൾക്ക് വഴങ്ങാത്ത വിധം ശിലയായി മാറിയിരുന്നു..

വീണ്ടും ഒരുമിച്ച് യാത്ര ചെയ്താലോ എന്നൊരു ചോദ്യം അവൻ്റെ ഭാഗത്തുനിന്നും അവൾ പ്രതീക്ഷിച്ചിരുന്നിരിക്കാം. അങ്ങനൊരു ചോദ്യം വരുന്നതിനുമുമ്പുതന്നെ അവളവനോട് പറഞ്ഞു "നീയില്ലെങ്കിലും എനിക്കൊന്നുമില്ല!" 
അത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. ക്ഷണിക്കാൻ നിൽക്കാതെ അവൻ സ്വർഗ്ഗത്തിൻ്റെ പടിയിറങ്ങി.

തകർന്നടിഞ്ഞ ഹൃദയവുമായവൻ മുന്നോട്ടു പോയി. തൻ്റെ ലക്ഷ്യം കൈവരിക്കണമെന്നവന് ആഗ്രഹമുണ്ടെങ്കിലും ആ സന്തോഷം പങ്കിടാൻ അവളുണ്ടാവില്ലല്ലോ എന്ന ദുഃഖം അവനെ അലട്ടിക്കൊണ്ടിരുന്നു. മുന്നോട്ടുള്ള യാത്രയിൽ അവൾ തൻ്റെ കൂടെയില്ല എന്ന യാഥാർഥ്യം അവനെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരുന്നു. 

കൂമൻകാവിൽനിന്നു പോന്ന രവിയെപ്പോലെ അവനു തോന്നി. യാത്ര തുടങ്ങിയേടത്തു തന്നെ എത്തി എന്നവൻ മനസ്സിലാക്കി. ആ ഉത്ഭവകേന്ദ്രത്തിൽ വെച്ചവൻ അവനെത്തന്നെ കണ്ടു. യാത്ര തുടങ്ങാൻ നിൽക്കുന്ന ആ പഴയ അവനെ.

പഴയ രൂപത്തെ കണ്ടവൻ അമ്പരന്നു. താനെത്ര ദൂരം സഞ്ചരിച്ചെന്നും എത്ര മാറിപ്പോയെന്നും അവനു മനസ്സിലായി. താനിപ്പോൾ അനുഭവിക്കുന്ന വേദനയിൽനിന്നും വേണമെങ്കിൽ അവനെ മോചിപ്പിക്കാം എന്ന് അവൻ തിരിച്ചറിഞ്ഞു. 

പിന്തിരിപ്പിക്കാൻ വേണ്ടി അവൻ മുന്നോട്ടു നടന്നു, ആ പഴയ അവൻ്റെയടുത്തേക്ക്.

പക്ഷേ ആ നടത്തത്തിനിടയിൽ അവൻ വീണ്ടും ചിന്തിച്ചു. താൻ അനുഭവിച്ച സ്വർഗ്ഗത്തെ അവനിൽ നിന്നും നിഷേധിക്കുന്നത് തെറ്റായിത്തോന്നി. വേറൊരിടത്തും തനിക്കും അവനും ഇനിയങ്ങനൊരു സന്തോഷം കിട്ടാൻ പോവുന്നില്ലെന്നും അവനു മനസ്സിലായി. ആ യാത്രകൾ അവനനുഭവിച്ചില്ലെങ്കിൽ തീർത്താൽ തീരാത്ത നഷ്ടമാണെന്ന് അവനു തോന്നി.

നടന്നെത്തിക്കഴിഞ്ഞ അവർ തമ്മിൽ ചെറിയൊരു സംഭാഷണം മാത്രമേ നടന്നുള്ളൂ. അതിൻ്റെ ആകെത്തുക ഇങ്ങനെയായിരുന്നു:

"Tell me, which is more important?", asked his old self, "the journey or the destination?"

"The Company" he replied.

അയാൾ ചിരിച്ചു. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു. മുകളിൽ, വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി.
ബസ്സു വരാനായി രവി കാത്തുകിടന്നു.

Comments