പ്രേതങ്ങൾ

ഒരു അഭിമുഖത്തിൽ മയ്യഴിയിലെ ദാസനെയും കുറിച്ച് ചോദിച്ചപ്പോൾ എം മുകുന്ദൻ പറയുന്നുണ്ട് "ഒരിക്കലെങ്കിലും എല്ലാവരും പ്രണയിക്കട്ടെ, പ്രണയിച്ചവർ ഒരിക്കലും  ഒന്നിക്കാതിരിക്കട്ടെ, കാരണം നഷ്ടപ്രണയങ്ങൾക്കേ സൗന്ദര്യമുള്ളൂ."

ആൽഫ്രഡ് ലോർഡ് റെന്നിസൺ തൻ്റെ പ്രശസ്ത കവിതയിൽ പറയുന്നുണ്ട്, 

"Tis better to have loved and lost,

Than never to have loved at all."

സത്യമാണ്. നഷ്ടപ്പെട്ട പ്രണയം അനശ്വരമാണ്, അതിൻ്റെ മാറ്റ് നഷ്ടപ്പെടാതെ നിലനിൽക്കുന്നു. 

പക്ഷേ ഇവരോടൊക്കെ എനിക്കൊന്നേ പറയാനുള്ളൂ. 

മൈരാണ്.

ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടെങ്കിൽ അത് നഷ്ടപ്പെടുന്നത് മരണതുല്യമാണ്. എൻ്റെ ഏറ്റവും വെറുക്കപ്പെട്ട ശത്രുവിന് പോലും അങ്ങനൊരു ദുരിതം വരുത്തരുതേ എന്നേ ഞാൻ ആഗ്രഹിക്കൂ.

തിരിച്ചുകിട്ടാതെ പോയൊരു വൺസൈഡ് ലവ്വിനെ കുറിച്ചല്ല, ആത്മാർത്ഥമായി രണ്ടുപേരും കുറേക്കാലം പ്രണയിച്ചു ജീവിച്ചുല്ലസിച്ച് ഒരുനാൾ മറ്റെയാളെ നഷ്ടപ്പെടുന്ന പ്രണയം. അഥവാ വിരഹം.

ഇനി ഒരിക്കലും നമ്മൾക്ക് തിരിച്ചുകിട്ടില്ലാ എന്നറിഞ്ഞിട്ടും മറ്റേയാളെ മിസ് ചെയ്യുന്ന ദുരവസ്ഥ. വർഷങ്ങൾ കഴിഞ്ഞാലും ദിവസവും ഒരു തുള്ളി കണ്ണുനീരോടെയല്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ. ഇനിയൊരാൾ വന്നാലും പോയവർക്ക് പകരമാവില്ല എന്ന തിരിച്ചറിയലിൻ്റെ നൊമ്പരവും പോയയാളെ ഒരുനോക്ക് കാണാൻ പോലും പറ്റില്ലാ എന്നുള്ള യാഥാർഥ്യവും ജീവിതത്തിൽ ഇനിയുള്ള സന്തോഷങ്ങളും സങ്കടങ്ങളും നാം ഒറ്റക്കനുഭവിക്കണമല്ലോ എന്ന വേദനയും. 

മയ്യഴിയുടെ എഴുത്തുകാരന് പറയാം, നഷ്‌ടപ്രണയങ്ങൾക്കേ സൗന്ദര്യമുള്ളൂ എന്ന്. കവികൾക്കും പറയാം പ്രണയമില്ലാതിരിക്കുന്നതിനേക്കാൾ നല്ലത് പ്രണയിച്ച് നഷ്ടപ്പെടുന്നതാണെന്ന്. ഇതനുഭവിച്ചവർ അവരെ എതിർക്കില്ല. കാരണം, അവർക്ക് പ്രതികരണശേഷിയില്ല. ഉണ്ടെങ്കിൽ തന്നെ പ്രതികരിക്കാൻ താൽപര്യമില്ല. ജീവിച്ചിരിക്കുന്ന ശവങ്ങളാനവർ.മരിച്ചുപോയ പ്രണയത്തിൻ്റെ പ്രേതങ്ങൾ. 

അതുകൊണ്ട്, കവിയോടും എഴുത്തുകാരനോടും വീണ്ടും ഞാൻ പറയുന്നു, മൈരാണ്. 

എന്ന്,

മരിച്ചിട്ട് മാസങ്ങളായ ഒരു ദുരാത്മാവ്

Comments