കൊതുകിൻ്റെ ദിവസം

ചോര കുടിച്ച് വണ്ണം വെച്ച കൊതുകുകളെ കണ്ടിട്ടില്ലേ. എന്തു സുഖമാണവയെ കൊല്ലാൻ. ഒരടി തികച്ചടിക്കേണ്ട കാര്യമില്ല, അരയടി മതി.

വണ്ണം കാരണം പറക്കാൻ പോലും കഴിയാതെ അവ ഏതെങ്കിലും ഒരു ചുമരിലോ നിലത്തോ വിശ്രമിക്കുകയായിരിക്കും, ഇര വിഴുങ്ങിയ പെരുമ്പാമ്പിനെ പോലെ. കൊല്ലാൻ അവയുടെ പുറത്ത് വിരൽ കൊണ്ട് മെല്ലെ  അമർത്തിയാലും മതി. പറക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ചാവാൻ തയ്യാറായി അവർ മെല്ലെ ഞെരിഞ്ഞമർന്നുതരും.

ഇനി അവയെ കൊല്ലുമ്പോൾ താഴെ പറയുന്ന മഹദ്‌വചനം ഓർക്കുക. പതിനൊന്നുകാരനും പ്രമുഖ ചിന്തകനും സർവ്വോപരി എൻ്റെ അനുജനുമായ സാമുട്ടൻ മൊഴിഞ്ഞതാണത്.

"നല്ലവണ്ണം ചോര കുടിച്ച് നല്ല 'വണ്ണം'  വെച്ച ഒരു കൊതുകിനെ നമ്മൾ കൊല്ലുന്ന ദിവസമാണ് ആ കൊതുകിൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസവും മോശം ദിവസവും.

നല്ല ദിവസം, കാരണം അതിന്‌ വയറുനിറച്ച് ഭക്ഷണം കിട്ടി.

മോശം ദിവസം, കാരണം അത് കൊല്ലപ്പെട്ടു."

- സാമുട്ടൻ, 2025


ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ചിന്തിക്കുക.


  

Comments