കിള

കുറേ നാളുകൾക്ക്ഫ ശേഷം കോഴിക്കോട്ർ ഡിസി ബുക്സ് കണ്ട സന്തോഷം  അരഡസൻ പുസ്തകങ്ങൾ വാങ്ങിയാണ് ഞാൻ ആഘോഷിച്ചത്. മലയാറ്റൂരിൻ്റെ യക്ഷി, എം ടിയുടെ അസുരവിത്ത്, ബെന്യാമിൻ്റെ മാന്തളിർ..എന്നിങ്ങനെ ചില യൂഷ്വൽ സസ്‌പെക്ട്സും ഒന്നുരണ്ട് പുത്തൻ പരീക്ഷണങ്ങളും.

ആ പരീക്ഷണത്തിൽ ഒന്നായിരുന്നു "കിള". 'മലബാറിലെ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന യാതനകളെ കുറിച്ച്' എന്നൊരു കുറിപ്പ് പുറം ചട്ടയിൽ കണ്ടതും അതൊന്നു വായിച്ചുകളയാം എന്നുതന്നെ തീരുമാനിച്ചു.

അങ്ങനെ ശനിയാഴ്ച വാങ്ങിയ പുസ്തകങ്ങളിൽ ഒരെണ്ണം ഞായറാഴ്ച വായിച്ചു തുടങ്ങി, തിങ്കളാഴ്ച തീർന്നു. അതായിരുന്നു 'കിള'. എൻ്റെ വായനാവേഗത്തെ പൊക്കിയടിച്ചതല്ല, പുസ്തകത്തിനെ പ്രശംസിച്ചതാണ്.

ലീനിയർ അല്ലാത്ത ആഖ്യാനം ഒട്ടും കുഴപ്പിക്കാതെയും അതിലുപരി  മടുപ്പിക്കാതെയും പകർത്തി വെച്ചിരിക്കുന്നു എന്നുള്ളത് തുടക്കം മുതൽ ഒടുക്കം വരെ എന്നെ അമ്പരപ്പിച്ചു. എന്നെങ്കിലും കുറച്ച് പുസ്തകങ്ങൾ എഴുതണമെന്നും അതിൽ നോൺ-ലീനിയർ ആയിട്ടൊക്കെ കഥപറയണം എന്നുമെല്ലാം വ്യാമോഹം കൊണ്ടുനടക്കുന്ന എന്നെ പോലൊരാൾക്ക് അൽപം അസൂയ കഥാകൃത്തിനോട് തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല.

മലബാറിലെ കഥ ആയതുകൊണ്ട് തന്നെ നല്ല റിലേറ്റബിൾ ആയിരുന്നു. പല കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും പലപ്പോഴായി എൻ്റെ ജീവിതത്തിലും വന്നു പോയവയായി തോന്നി. എല്ലാ രോഗങ്ങൾക്കുമുള്ള ശിഫയായി മതത്തെയും ആചാരത്തെയും കണ്ടിരുന്ന, ഖുർആൻ സൂക്തങ്ങൾ ഓതി ദേഹമൂതി ഉഴിഞ്ഞുതന്നിരുന്ന വല്ലിമ്മച്ചി എനിക്കും ഉണ്ട്. ഇന്ന് ദേഹമൂതിയുഴിയാൻ എന്നെ കിട്ടാറില്ല എന്നേയുള്ളൂ. അറബിയുടെ കൊട്ടാരത്തിലെ ചായ വെയ്പുകാരൻ ലിയാഖത്തലിയും ആവശ്യത്തിലധികം ദീനിൽ അടിയുറച്ചു നടന്നിരുന്ന ഖുത്ബും എല്ലാം പരിചയത്തിലെവിടെയോ ഉള്ളവരുടെ അപരരാണ്.

ഓരോ അധ്യായങ്ങൾ തീരുമ്പോഴും പല വഴിക്ക് സംശയങ്ങൾ വരികയും, പുസ്തകം മൊത്തം തീർന്നപ്പോഴേക്ക് വന്ന സംശയങ്ങൾ തീരുകയും ചിന്തകൾ കണക്ട് ആവുകയും ചെയ്തു. പല പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു പോവുന്ന സേബയെന്ന സിംഗിൾ മദറും കപ്പലാടൻ എന്ന നിഗൂഢതയും സുൽത്താനും മനസ്സിൽ നന്നായി പതിഞ്ഞ കഥാപാത്രങ്ങളാണ്. വല്ലിമ്മച്ചിയേയും ഫെമിനിസ്റ്റ് വേശ്യയെയും പോലുള്ള ചെറിയ കഥാപാത്രങ്ങൾ വരെ കഥയിലും വായനക്കാരിലും സ്വാധീനം ചെലുത്തുന്നുണ്ട്.  

കഥാതന്തുവിൽ ഇടക്ക് സംഭവിച്ചുപോവുന്ന അസാധാരണ(അമാനുഷിക) കാര്യങ്ങളെ യാഥാർഥ്യത്തിൻ്റെ ഭാഗമായി അവതരിപ്പിക്കുന്നതിൽ രചയിതാവ് വിജയിച്ചിട്ടുണ്ട്. ഖുത്ബിൻ്റെ തിരോധാനവും കപ്പലാടൻ്റെ നാഭീദേശരോഗവും ഉദാഹരണങ്ങൾ.  

പിന്നിട്ട വഴികളിലെ നഷ്ടങ്ങളെ കുറിച്ചോർത്തു മുറിവുകളെ നീറ്റിച്ചു കൊണ്ടിരിക്കുന്ന ദിവസങ്ങളിലായിരുന്നു സേബയെ ഞാൻ വായിക്കുന്നത്. താൻ ആദ്യമായി സ്നേഹിച്ച തൻ്റെ പങ്കാളിയെ പിന്നീട് അങ്ങനെ കാണാൻ പറ്റാതിരിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്ന സേബയെ വായിച്ച ചില സന്ദർഭങ്ങളിൽ എൻ്റെ ജീവിതത്തിലേക്ക് വെച്ചൊരു കണ്ണാടി പോലെ തോന്നിയിരുന്നു. പിന്നീട് സുൽത്താൻ്റെ സ്നേഹവലയത്തിൽ ആശ്രയമടഞ്ഞ സമയങ്ങളിൽ ഇടയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങളൊക്കെ നല്ലതായിരുന്നെന്ന് ഒരുപക്ഷേ സേബക്ക് തോന്നിയിരിക്കാം. എന്തുകൊണ്ട് എനിക്കങ്ങനെ തോന്നാതെ വരുന്നു എന്ന് സംശയിച്ചപ്പോഴേക്കും,  ചില വേദനകൾ മരണം കൊണ്ടേ തീരൂ എന്ന് കപ്പലാടൻ വഴി കഥാകൃത്ത് മനസ്സിലാക്കി തരികയും ചെയ്തു.

Comments