എൻ്റെ മുറ്റത്തെ നന്മമരം
എന്റെ മുറ്റത്തെ നന്മമരം
കൃഷ്ണേട്ടാ,
കണ്ടിട്ട് നാളുകളേറെ ആവുന്നു. ശ്വാസം മുട്ടിക്കുന്ന ഇവിടുത്തെ ജീവിതം മടുത്ത് തുടങ്ങുമ്പോഴൊക്കെയും ഞാൻ കൃഷ്ണേട്ടനെ പറ്റി ഓർക്കാറുണ്ട്. അമ്മയുമൊത്ത് ആ കളപ്പുരയിൽ നിങ്ങളനുഭവിക്കുന്ന ശാന്തതയിലേക്ക് വന്ന് കേറിയാലോ എന്ന് ആലോചിക്കാറുണ്ട്. ഗൗരി സ്വന്തമാക്കിയ ആ ഇടത്തിൽ സ്ഥലം ഉണ്ടാവില്ല എന്നറിയാം. എങ്കിലും അറിയാതെയെങ്കിലും ആഗ്രഹിക്കാറുണ്ട് ഞാൻ, മറ്റൊരുപാട് ഇഷ്ടങ്ങളെ പോലെ കിട്ടാതെപോയ ആ സ്വപ്നത്തെപറ്റി. തിരിച്ചു വിളിച്ചില്ലെങ്കിലും മുടങ്ങാതെ വിരുന്നിനു വരുന്ന ആ ഓർമ്മകളാണ് കൃഷ്ണേട്ടാ ഇന്നുമെൻ്റെ അമൂല്യസമ്പാദ്യം .
മാളു എന്നും അവിടെ ഒറ്റയ്ക്കായിരുന്നില്ലേ കൃഷ്ണേട്ടാ.. കിളികളോടും മരങ്ങളോടും പുസ്തകങ്ങളോടും മാത്രം ചങ്ങാത്തം കൂടി ഏകാന്ത വാസം മാത്രം സ്വന്തമായിരുന്നവൾ. മറ്റുള്ളവരുടെ കണ്ണിലെ 'ഉറക്കംതൂങ്ങി'. അന്ന് എന്നെ മനസിലാക്കാനും അമ്പിളിമാമനെ പിടിച്ചുതരാനും കയ്യിൽ തൂങ്ങാനും നിങ്ങൾ മാത്രമല്ലേ എനിക്കുണ്ടായിരുന്നുള്ളു. എഴുത്തിനെ പ്രണയിച്ചു തുടങ്ങിയ നാളുകളിലൊക്കെയും കുത്തിക്കുറിപ്പ് ആദ്യം കൃഷ്ണേട്ടനെ കാണിക്കാൻ ആയിരുന്നില്ലേ എനിക്ക് ധൃതി. അക്ഷരത്തെറ്റിൽ കൃഷ്ണേട്ടൻ തപ്പി തടഞ്ഞു വായിക്കുന്നത് കേൾക്കുമ്പോഴും വായിച്ചശേഷം കയ്യടിക്കുമ്പോഴും ഉള്ള സുഖം ഒരുപക്ഷെ മറ്റൊരിടത്തു നിന്നും പിന്നീട് കിട്ടിയിട്ടില്ല എനിക്ക്.
മോഹങ്ങൾ മൊട്ടിട്ടുതുടങ്ങിയ കൗമാരത്തിൽ താലോലിച്ച പ്രണയം പറഞ്ഞപ്പോ സ്നേഹപൂർവ്വം എന്നെ തിരുത്തിയതും നമ്മൾ തമ്മിൽ ചേരില്ല എന്ന് പറഞ്ഞതും കൃഷ്ണേട്ടൻ ആയിരുന്നു. അപ്പൊ എൻ്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല. ആഗ്രഹിക്കാത്ത ആളുടെ നേർക്ക് കഴുത്ത് നീട്ടുമ്പോൾ എനിക്ക് കണ്ണ് തരാതെ മാറിയത് എന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയോ.. അതോ...
വർഷങ്ങൾക് ശേഷമുള്ള ഈ തിരിച്ചുവരവിൽ ഉള്ളിൽ ഞാൻ ആഗ്രഹിച്ചിരുന്നു കൃഷ്ണേട്ടന്റെ ഒരു മൗന സമ്മതത്തിന് വേണ്ടിയെങ്കിലും.. അതുണ്ടായില്ല. ആദ്യം പറഞ്ഞ അതേ കാരണം പറഞ്ഞ് ഒഴിവാക്കുമ്പോഴും വിഷമം ഒന്നും തോന്നിയില്ല. അങ്ങനെയേ കൃഷ്ണേട്ടന് പറ്റു എന്നെനിക്കറിയാം.
ആരോരും കാണാതെ ഉള്ളിൽ നിറച്ചു വച്ചിട്ടുണ്ട് ആ മുഖത്തെ. വരികളിലേക്ക് നോവൽ എന്നപോലെ പകർത്താൻ ശ്രമിച്ചിട്ടും എന്തോ എന്നെക്കൊണ്ട് അതിനു കഴിയുന്നില്ല. ഒരുപക്ഷേ അതിനും മുകളിൽ ഒരുപാട് പ്രിയപ്പെട്ടത് ആയതുകൊണ്ടവാം കൃഷ്ണേട്ടൻ. അടുത്ത നിമിഷം ഇല്ലാതാവാൻ പോകുന്ന ഈ കത്ത് എഴുതുന്നത് എനിക്ക് തന്നെ ഒരാശ്വാസത്തിന് വേണ്ടിയാണ്. ഞാൻ ഒറ്റയ്ക്കല്ല എന്നൊരു തോന്നലിന് വേണ്ടിയാണ്. നിങ്ങളെ എനിക്ക് ഒരുപാടിഷ്ടമായിരുന്നു കൃഷ്ണേട്ടാ........
-മാളവിക.-
Comments
Post a Comment