മ്മമ്മ
അഞ്ചിലും ആറിലും പഠിച്ചിരുന്ന സമയത്ത് ഞാൻ മ്മാൻറ്റുടീൽ (ഉമ്മാൻ്റെ കുടിയിൽ) ആയിരുന്നു താമസം. കാലത്തിൻ്റെ കുത്തൊഴുക്കിൽ പത്തുവർഷം വൈകി ടിടിസി പഠിക്കാൻ പോയ ഉമ്മാക്കും പാലേമാട് ജോലി ചെയ്യുന്ന ഉപ്പാക്കും ഒരുമിച്ചു നിൽക്കാൻ തരമില്ലാതെ വന്നപ്പോൾ അടിയൊഴുക്കിൽ ഞാൻ അക്കരപ്പുറം എന്ന കൊച്ചുഗ്രാമത്തിൽ വന്നടിഞ്ഞു. നല്ല മഴ പെയ്താൽ പാലം മൂടി ഗതാഗതം മുട്ടുന്ന, ബി എസ് എൻ എൽ മാത്രം നല്ല റേഞ്ച് തരുന്ന, ഇന്നേവരെ പച്ചക്കോണി മാത്രം പച്ച തൊട്ടിട്ടുള്ള ഒരു മനോഹരമായ ഗ്രാമം.
അതിനേക്കാളേറെ എനിക്കാ ഗ്രാമത്തെ പ്രിയപ്പെട്ടതാക്കിയത് അവിടെ എൻ്റെ സൈനബ ഉണ്ട് എന്നതായിരുന്നു. പത്തുവയസ്സുകാരനായ ഞാൻ അക്കരപ്പുറം മൊത്തം തെണ്ടി തിരിച്ചു വരുമ്പോൾ തൂമിച്ചോറും ചായയുമായി കാത്തിരിക്കാറുണ്ടായിരുന്ന, ചെറിയ അമ്മാവനുമായി വഴക്കടിക്കുമ്പോൾ എത്ര മുടന്തൻ ന്യായമാണെങ്കിലും അത് പിന്താങ്ങി എന്നെ വിജയിപ്പിക്കുന്ന, കുഞ്ഞാപ്പാൻ്റെ പീടികയിൽന്ന് സാമാനം വാങ്ങി വരുമ്പോൾ ഞാൻ കാണിക്കാറുള്ള മുട്ടായി കുംഭകോണം കണ്ടില്ലാന്ന് നടിക്കാറുള്ള, എൻ്റെ പ്രിയപ്പെട്ട സൈനബ, എൻ്റെ മ്മമ്മ .
ഒരിക്കൽ സ്‌കൂളിൽ പോവാനുള്ള മടി കാരണം ഞാൻ നെഞ്ചുവേദന അഭിനയിച്ചു കിടന്നു. ഒരു പത്തുമണി ഒക്കെ ആവുമ്പോൾ അസുഖം മാറി എന്ന് പറഞ്ഞെണീക്കാം എന്നായിരുന്നു എൻ്റെ പദ്ധതി.
എനിക്ക് നെഞ്ചുവേദന എന്നറിഞ്ഞതുമുതൽ എന്നെ കട്ടിലിൽ നിന്ന് എണീക്കാൻ മ്മമ്മ സമ്മതിച്ചില്ല, അടുത്തു തന്നെയിരുന്ന് തുരുതുരാ ഖുർആൻ ആയത്തുകൾ ഓതി എൻ്റെ നെഞ്ചിൽ ഊതിത്തന്നു. ഇടക്ക് ചൂടുവെള്ളമെടുക്കാനും പാചകം ചെയ്യാനും പോയതൊഴിച്ചാൽ സദാസമയവും മ്മമ്മയും തസ്ബീഹ് മാലയും എൻ്റരികിൽ തന്നെയുണ്ടായിരുന്നു. അതിൻ്റെ ഫലമോ, ഉച്ചസമയമാവുമ്പോഴേക്ക് അത്ഭുതകരമായി ഭേദമാവാൻ ഞാൻ കരുതിവെച്ചിരുന്ന നെഞ്ചുവേദന അന്നേ ദിവസം ഭേദമായില്ല.
ഉച്ച ആയിട്ടും എൻ്റെ നെഞ്ചുവേദന മാറാത്തത് കണ്ടപ്പോൾ സ്വന്തം ഊത്ത് പോരാ എന്ന് മ്മമ്മാക്ക് തോന്നിക്കാണണം. ഓട്ടോക്കാരൻ ഹമീദിനെ വിളിച്ച് മ്മമ്മ എന്നെയും കൊണ്ട് മാനു മുസ്‌ലിയാർ എന്ന സ്ഥലത്തെ പ്രധാന ഊത്തുവിദ്വാൻ്റെ അടുത്തെത്തി. മന്ത്രിച്ചൂതി ഒരുപാട് പേരുടെ അസുഖങ്ങൾ ഭേദമാക്കിയിട്ടുള്ള അദ്ദേഹം സ്ഥലത്തെ പ്രധാന ദിവ്യൻ തന്നെയായിരുന്നു.
ഞങ്ങൾ അകത്ത് കയറിയതും അദ്ദേഹം എന്നെ വിളിച്ച് അദ്ദേഹത്തിന് തൊട്ടടത്തിട്ടിട്ടുള്ള സ്റ്റൂളിൽ ഇരിക്കാൻ പറഞ്ഞു. മ്മമ്മാൻ്റെ അനുഭവങ്ങളിലും കഥകളിലും മാത്രം കെട്ടിട്ടുള്ള ആ വിദ്വാനെ ഞാൻ ആദ്യമായി കാണുകയായിരുന്നു. ഉള്ളത് പറയാലോ അറബിക്കഥയിലെ ദിവ്യന്മാരെ പോലൊരു രൂപം പ്രതീക്ഷിച്ച ഞാൻ കണ്ടത് മെലിഞ്ഞു നീണ്ട ആകാരത്തിൽ വെള്ളവസ്ത്രം ചുറ്റി വെള്ളത്താടി വെച്ചു പിടിപ്പിച്ച ഒരു വയോധികനെയാണ്. 1000 Aura യുള്ള ബാഡിയെ പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് -1 Aura യുള്ള ഡാഡിയെ . എങ്കിലും നർമ്മം കലർത്തിയുള്ള ചോദ്യങ്ങളും ഒരു ചെറുപുഞ്ചിരിയും നാടൻ വർത്തമാനങ്ങളുമായി അദ്ദേഹം എന്നെ കയ്യിലെടുത്തു.
എൻ്റെ ജീവിതത്തിൽ അന്നേ ദിവസം മാത്രമാണ് ഞാൻ പുത്തനഴി മാനു മുസ്ലിയാരുമായി സംസാരിച്ചിട്ടുള്ളത്. ആ ഒരു സംഭാഷണം ഇന്നും എൻ്റെ മനസിൽ കിടപ്പുണ്ട്, ഒരു അമളിയുടെ ഓർമ്മയായ്. ആദ്യശകലംചുവടെ ചേർക്കുന്നു.
മാനു മുസ്‌ലിയാർ: " ഉം, എന്തു പറ്റി?"
ഞാൻ : "നെഞ്ചുവേദന"
മാമു : "എത്ര ദിവസമായി തുടങ്ങിയിട്ട് ?"
ഞാൻ : "ഇന്ന് രാവിലെ മുതൽ "
മാമു : " വയറ്റിന്നോവാറുണ്ടോ?"
ഞാൻ : "ഏയ്, വയറ്റ് നോവ് ഒന്നൂല്ല"
മാ.മു :" അതല്ല വയറ്റിന്നോക്കുണ്ടോന്ന്"
ഞാൻ: "ഇല്ലെയ്"
മാമു: " അതല്ലട ചെങ്ങായ് ഇജ്ജ് തൂറലുണ്ടോന്ന്!"
വയറ്റിൽ നിന്നും പോവാറുണ്ടോ എന്ന ചോദ്യത്തിന് വയറിൽ നോവാറില്ലെന്ന് ഞാൻ പറഞ്ഞ മറുപടിയും അദ്ദേഹത്തിൻ്റെ തൂറലുണ്ടോ എന്ന തർജ്ജമയും ഇന്നും മറക്കാത്ത സ്മരണയാണ്.
അദ്ദേഹം ചൊല്ലിയ മന്ത്രങ്ങളും ആയത്തുകളും എല്ലാം മ്മമ്മ മുമ്പ് ചൊല്ലിയത് തന്നെ. പക്ഷേ ഉള്ളത് പറയാലോ, ഊത്തിന് മ്മമ്മാനേക്കാൾ ശക്തി ഉണ്ടായിരുന്നു, ഒറ്റയൂത്തിൽ എൻ്റെ കണ്ണടഞ്ഞു പോയി.
മാനു മുസ്ലിയാർ ഒരു പാരസെറ്റാമോളും പിന്നൊരു തകിടും തന്നുവിട്ടു. തകിട് മ്മമ്മ എൻ്റെ അരയിൽ ഏലസ്സായി കെട്ടി. പിറ്റേന്ന് രാവിലെ എൻ്റെ നെഞ്ചുവേദന പോയപ്പോൾ എല്ലാവര്ക്കും അത്ഭുതം! മാനു മുസ്ലിയാരെയും തകിടിനെയും മ്മമ്മ വാനോളം പുകഴ്ത്തി.
എന്നാൽ ആ നെഞ്ചുവേദന പോയത് തലേന്ന് രാത്രി ഞാനെടുത്ത തീരുമാന പ്രകാരം ആണെന്നും ആ തീരുമാനത്തിന് കാരണം മ്മമ്മ തന്നെയാണെന്നും ആർക്കുമറിയില്ലായിരുന്നു.
മാനു മുസ്ലിയാരെ കണ്ടു തിരിച്ചെത്തിയ ശേഷവും മ്മമ്മ എൻ്റെ അരികിൽനിന്നു മാറിയിട്ടില്ലായിരുന്നു. രാത്രി ഞാൻ ഉറങ്ങാൻ കിടക്കുമ്പോഴും മ്മമ്മ അടുത്തിരുന്ന് ദിക്റുകൾ ചൊല്ലി ഊതുന്നുണ്ടായിരുന്നു. ചെറിയ മയക്കത്തിലായിരുന്ന ഞാൻ മുഖത്തേക്ക് ചില തുള്ളികൾ തെറിച്ചപ്പോൾ മയക്കം വിട്ടെണീറ്റു. മ്മമ്മാൻ്റെ ഉമിനീർ തെറിച്ചതാണെന്ന് കരുതി ഉറക്കം കളഞ്ഞതിന് മ്മമ്മാനെ വഴക്കും പറഞ്ഞു. ആ വഴക്ക് കേട്ട് മ്മമ്മ അൽപം മാറി ഇരുന്നെങ്കിലും എൻ്റെ സമീപത്തുനിന്നും മാറുന്നില്ലായിരുന്നു. ഒന്നുകൂടി വഴക്കുപറയാൻ വേണ്ടി കണ്ണുതുറന്ന് മ്മമ്മാനെ നോക്കിയപ്പോഴാണ് എൻ്റെ തീരുമാനത്തിന് ആസ്പദമായ കാര്യം ഞാൻ മനസ്സിലാക്കിയത്. ആ തെറിച്ചത് ഉമിനീരായിരുന്നില്ല, ഉമ്മമ്മാൻ്റെ കണ്ണീരായിരുന്നു!
മ്മമ്മാനെ കരയിക്കരുതെന്ന ആഗ്രഹത്തിന് മുമ്പിൽ എൻ്റെ മടി കീഴടങ്ങി. പിറ്റേദിവസം നെഞ്ചുവേദന മാറി മാനു മുസ്ലിയാരുടെ ക്രെഡിറ്റിലേക്ക് മറ്റൊരു പൊൻതൂവലും ചാർത്തി ഞാൻ സ്‌കൂളിൽ പോയി.
ആ തകിടും ഏലസ്സും പിന്നീട് ഒരുപാട് കാലം എൻ്റെ അരയിലുണ്ടായിരുന്നു, ഇബ്‌ലീസിനെ അകറ്റിനിർത്താൻ. എന്നാൽ സകല ഇബിലീസുകളെയും മാറ്റിനിർത്താൻ ശക്തിയുള്ള ആ കണ്ണീർ പിന്നീടൊരിക്കലും ഞാൻ വീഴിച്ചിട്ടില്ല.
Comments
Post a Comment